Friday, 16 February 2018

ആരാധന അള്ളാഹുവിന്ന് യോജിച്ചതാണോ ?

*തന്നെ ആരാധിക്കണം എന്ന് കല്‍പ്പിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ ശിക്ഷിക്കുന്നതും അല്ലാഹുവിനു യോജിച്ച പണിയാണോ?*

= തന്നെ ആരാധിക്കണം എന്നത് ദൈവത്തിന്റെ ആവശ്യമല്ല, മനുഷ്യന്റെ ആവശ്യമാണ്. മറ്റുള്ളവരുടെ ആരാധനകള്‍ സ്വീകരിച്ചു ആസ്വദിച്ചു ഇരിക്കുന്ന ഒരു വ്യക്തിയാണ് അല്ലാഹു എന്ന വികലധാരണ ആദ്യം തിരുത്തണം. 

വിഗ്രഹത്തിനു മുമ്പില്‍ കാര്യസാധ്യത്തിനു വേണ്ടി പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതല്ല ഇസ്ലാമിലെ ആരാധന. അല്ലാഹുവിനുള്ള ആരാധനക്ക് ഇബാദത്ത് എന്നാണ് അറബിയില്‍ പറയുക. അതാവട്ടെ വെറും ആരാധനാകര്‍മങ്ങള്‍ മാത്രമല്ല. ഒരു മനുഷ്യന്‍ നിരുപാധികം അല്ലാഹുവിനു സമര്‍പ്പിച്ചു അവന്റെ വിധിവിലക്കുകള്‍ സ്വീകരിച്ചു ജീവിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുക. അങ്ങനെ ചെയ്യുന്നതോടെ അയാള്‍ സൃഷ്ടികളുടെ അടിമത്തത്തില്‍ നിന്ന് മോചിതനാവുകയാണ് ചെയ്യുന്നത്.

മനുഷ്യൻ തന്റെ ന്യൂനതകളും ദൈവത്തിന്റെ അപാരമായ കഴിവുകളും തിരിച്ചറിഞ്ഞു അംഗീകരിക്കുമ്പോള്‍ മാത്രമേ മനുഷ്യജീവിതം നേര്‍ദിശയിൽ നീങ്ങുകയുള്ളൂ. ദൈവത്തിന്റെ മുമ്പിൽ വിനയവും താഴ്മയും പ്രകടിപ്പിക്കാത്ത മനുഷ്യരിൽ അധികപേരും അഹങ്കാരികളും സ്വേച്ഛയെ ദൈവമാക്കുകയും നികൃഷ്ടരുമാവുകയാണ് പതിവ്. ദൈവത്തെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യരിലാണ് നന്മയും വിനയവും നിലനിൽക്കുക.

ചുരുക്കത്തില്‍ മനുഷ്യന്റെ നന്മക്ക് വേണ്ടിയാണ് അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ ആവശ്യപ്പെടുന്നത്. അല്ലാതെ അല്ലാഹുവിനു എന്തെങ്കിലും നേട്ടം കിട്ടാനല്ല.

ഖുര്‍ആന്‍ പറയുന്നു:

"ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ, അതിന്റെ ഗുണം അവനുതന്നെയാണ്. ആര്‍ വഴികേടിലാകുന്നുവോ അതിന്റെ ദോഷവും അവനുതന്നെ. ആരും മറ്റൊരുത്തന്റെ ഭാരം ചുമക്കുകയില്ല. ദൂതനെ നിയോഗിക്കും വരെ നാമാരെയും ശിക്ഷിക്കുകയുമില്ല." (ഖുര്‍ആന്‍ 17:15)

"നീ അല്ലാഹുവിനോടു നന്ദി കാണിക്കുക." ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കില്‍ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതു ചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീര്‍ച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്." (ഖുര്‍ആന്‍ 31:12)

"വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്." (ഖുര്‍ആന്‍ 35:18)

"വല്ലവനും അല്ലാഹുവിന്റെ നിയമപരിധികള്‍ ലംഘിക്കുന്നുവെങ്കില്‍ അവന്‍ തന്നോടുതന്നെയാണ് അതിക്രമം ചെയ്യുന്നത്." (ഖുര്‍ആന്‍ അത്ത്വലാഖ്:1)

അല്ലാഹു പറഞ്ഞതായി മുഹമ്മദ് നബി (സ) ഉദ്ധരിക്കുന്നു: 

" എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിൽ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്ഥിതിയോടെ വർത്തിച്ചാലും അത് എന്റെ അധികാരത്തിൽ യാതൊരു വർദ്ധനവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം നിങ്ങളിൽ ഏറ്റവും ദുഷ്ടനായ ഒരാളുടെ മനസ്ഥിതിയോടെ വർത്തിച്ചാലും അത് എന്റെ അധികാരത്തിൽ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളിലെ പൂർവികരും പിൽക്കാലക്കാരും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു വേദിയിൽ ഒരുമിച്ചുനിന്നിട്ട് എന്നോട് ചോദിക്കുകയും അവർക്കെല്ലാം അവർ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എന്റെ പക്കലുള്ളതിൽ യാതൊരു കുറവും അതുകൊണ്ട് ഉണ്ടാവുകയില്ല; സൂചി കടലിൽ മുക്കിയെടുത്താൽ അത് മൂലം കടലിലെ വെള്ളത്തിൽ കുറവുണ്ടാകുന്നതു പോലെയല്ലാതെ."  (മുസ്ലിം).

അല്ലാഹുവിനു പൂര്‍ണമായും ഇബാദത്ത് ചെയ്യുന്നവന്‍ (അവനെ നിരുപാധികം അനുസരിച്ച്, വിധേയപ്പെട്ട്, ആരാധിച്ചു ജീവിക്കുന്നവന്‍ ) ഭൂമിയില്‍ ഒരു തിന്മയും അതിക്രമവും കുഴപ്പവും ഉണ്ടാക്കുകയില്ല. അവനാണ് സ്വര്‍ഗം. എന്നാല്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യാത്തവന്‍ ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കും. അഥവാ ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കുന്നവന്‍ അല്ലാഹുവിനു ഇബാദത്ത് ചെയ്യാത്തവനോ അതല്ലെങ്കില്‍ ഭാഗികമായ ഇബാദത്ത് മാത്രം ചെയ്യുന്നവനോ ആയിരിക്കും. അത്തരക്കാര്‍ക്ക് ശിക്ഷ നല്‍കാതിരുന്നാല്‍ അതാവും ദൈവികനീതിക്ക് യോജിക്കാത്ത പണി.   

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...