Friday, 16 February 2018

ദൈവാനുഗ്രഹവും നീതിയും

((ദൈവാനുഗ്രഹവും നീതിയും))

മുസ്‌ലിം:
ഏറ്റവും വലിയ കാരുണികൻ (അനുഗ്രഹി)   അല്ലാഹുവാണ്.
ഒന്നാമത് : അവനാണ് മറ്റു അനുഗ്രഹികളുടെ ആർദ്ര ഹൃദയം/ ഹൃദയത്തിൽ കാരുണ്യം സൃഷ്ടിച്ചത്. അതു കൊണ്ടാണല്ലോ അവർ അനുഗ്രഹികളായത്.
രണ്ടാമത് :   അനുഗ്രങ്ങളെല്ലാം  യഥാർത്ഥത്തിൽ നൽകുന്നത് അല്ലാഹുവാണ്. മറ്റുള്ളവർ/ മറ്റുള്ളവ ബാഹ്യ മാധ്യമങ്ങൾ മാത്രം.
മൂന്നാമത് :  അവൻ നൽകുന്നതെല്ലാം നിസ്വാർത്ഥമാണ് ( ആരുടേയും പ്രീതിക്കല്ല ) സൃഷ്ടികൾ നൽകുന്നതാവട്ടേ, ഇതര സൃഷ്ടികളുടേയോ സ്രഷ്ടാവിന്റെയോ പ്രീതി മോഹിച്ചിട്ടാകും.

നാസ്തികൻ :
വിവിധ തരത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരും ജീവി വര്‍ഗ്ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ജന്മനാ വൈകല്യങ്ങള്‍ ഉള്ളവര്‍, ഉപജീവനത്തിന് കഷ്ടപ്പെടുന്നവര്‍, പ്രകൃതി ക്ഷോഭങ്ങളില്‍ മരണ/ ദുരിത പ്പെടുന്ന ലക്ഷങ്ങള്‍... ഇവ പ്രപഞ്ച നാഥന്റെ പ്രവൃത്തികള്‍ തന്നെയാണെന്ന കാര്യത്തില്‍ നിങ്ങൾക്കാര്‍ക്കും ഭിന്നാഭിപ്രായം ഇല്ല.
എവിടെ നിങ്ങളുടെ കാരുണ്യവാനായ ദൈവം? ദൈവം കരുണയുള്ളവന്‍ ആണെങ്കില്‍ ഇങ്ങനെ ജനങ്ങളെ കഷ്ടത്തിലാക്കുമോ? അഥവാ നിങ്ങളുടെ ദൈവങ്ങള്‍ക്ക് കഷ്ടത ഇല്ലാത്ത ലോകക്രമം ഉണ്ടാക്കരുതോ? അതിനുള്ള ശേഷി ഇല്ലയോ? എന്നിട്ടും നിങ്ങള്‍ സര്‍വ്വശക്തന്‍ എന്ന് വിളിക്കുന്നല്ലോ?..

മുസ്‌ലിം:

*1* ആദ്യം ഒരു കഥ പറയാം: ഒരു കോടീശ്വരൻ തന്റെ ധനം നിർലോഭം ദാനം ചെയ്യുന്നു.ആബാല വൃദ്ധം അത് കൈപറ്റാനെത്തിയിട്ടുണ്ട്.
അവരിൽ നൂറ് / ആയിരം/ പതിനായിരം ഡോളർ കിട്ടിയവരും റിയാൽ/ രൂപ കിട്ടിയവരും  തേങ്ങയോ മാങ്ങയോ മറ്റോ കിട്ടിയവരുമുണ്ട്.ഒന്നും കിട്ടാത്തവർ ആരുമില്ല. രണ്ട് വിഭാഗമാളുകളെ അവിടെ കാണാം
ചിലർ ഇതെല്ലാം തങ്ങളുടെ  അവകാശമാണെന്നും അതിനാൽ വിതരണത്തിൽ സമത്വം വേണമെന്നും ഇല്ലെങ്കിൽ നീ കോടീശ്വരനുമല്ല നീതിമാനുമല്ല എന്നും  മുതലാളിയോട് കയർക്കുന്നു.
വേറെ ചിലർ,
കിട്ടിയതെല്ലാം അങ്ങോരുടെ ഔദാര്യം എന്ന ഭാവേന കൃതജ്ഞതാ പൂർവ്വം പിരിഞ്ഞു പോകാനൊരുങ്ങുന്നു.
സർവ്വേശ്വരനായ അല്ലാഹുവിന്റെ ആനുകൂല്യങ്ങൾ  കൈപറ്റിയിട്ട് നീതി / സമത്വ മുദ്രാവാക്യം മുഴക്കുകയും സർവ്വേശ്വരീയത ( സർവ്വധന്യത, സർവ്വശക്തി ) നിഷേധിക്കുകയും ചെയ്യുന്നതിലെ കഥയില്ലായ്മ ഈ കഥയിൽ തെളിഞ്ഞു വരുന്നുണ്ടാകും.
*2* ഇഹലോകം ഒരു പരീക്ഷാ സെന്ററാണ്
അനുഗ്രഹം ( ഉണ്മ,അറിവ്  കഴിവ്,ധനം.....) കൈപറ്റിയവരാണ് പരീക്ഷാർത്ഥികൾ. കൃതജ്ഞത, ക്ഷമ എന്നീ രണ്ട് ചാപ്റ്ററുകളിലാണ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഒരേ ചോദ്യവും ടൈമുമല്ല നിർണയിക്കപ്പെട്ടിട്ടുള്ളത്.
ടൈം തീരുന്നതോടെ, ഒരു ടീം പരീക്ഷാ ഫലം സംബന്ധിച്ച് ശുഭസൂചന ലഭിച്ചവരായി ചാരിതാർത്ഥ്യത്തോടെയും
ചോദ്യത്തിലെ അസമത്വം ചോദ്യം ചെയ്തും ഏകീകരണത്തിന് മുറവിളികൂട്ടിയും മറ്റും സമയം കളഞ്ഞവർ, ശോകപരവശരായും പരീക്ഷാ ഹാളിൽ നിന്ന് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു.
*3* സൃഷ്ടികളുടെ കാരുണ്യം എന്നാൽ ദുരിത പർവങ്ങൾ കണുമ്പോൾ/അറിയുമ്പോൾ മനസ്സിനു വരുന്ന വേദനയാണ്.ആ വേദനയാൽ അനർഹരെ അനുഗ്രഹിക്കാനും അവനെത്തിയേക്കും. എന്നാൽ അല്ലാഹു വേദന, അതു നീങ്ങിയാൽ വരുന്ന നിർവൃതി തുടങ്ങിയ ന്യൂന ഗുണങ്ങൾ ഉള്ളവനല്ല. എങ്കിൽ, ദൈവകാരുണ്യമെന്നാൽ, അനുഗ്രഹമോ അനുഗ്രഹ നിദാനമായ മറ്റൊരു തരത്തിലുള്ള(ദൈവസംഗതമായ)കാരുണ്യമോ ആണ്. മനുഷ്യ ഗുണങ്ങൾക്ക് ഇലാഹീ ഗുണങ്ങളുമായി ന‌ാമമാത്രവും കാൽപനികവുമായ സാദൃശ്യമേ ഉണ്ടാകൂ. രണ്ടിന്റെയും അന്തഃസത്ത വിഭിന്നമായിരിക്കും. എങ്കിൽ സുഖവും ദുഃഖവും ആനന്ദവും വേദനയും അല്ലാഹുവിൽ ചലനങ്ങൾ സൃഷ്ടക്കുകയല്ല. പ്രത്യുത, ചിലരിൽ സുഖാനന്ദങ്ങളും മറ്റു ചിലരിൽ ദുരിതനൊമ്പരങ്ങളും മറ്റു ഗുണങ്ങൾപോലെ തന്നെ താൻ ഹിതാനുസാരം സൃഷ്ടിക്കുകയാണ്. സർവജ്ഞന്റെ ചെയ്തിയുടെ ഔചിത്യം, ചോദ്യം ചെയ്യാനോ അതിൽ സന്ദേഹിക്കുവാനോ ബുദ്ധിയുള്ള മനുഷ്യനു കഴിയില്ല. കാരണം;
രണ്ടേ രണ്ടു സാധ്യതകളാണ് തനിക്കു മുന്നിൽ ഇവിടെ ഉയർന്നു വരുന്നത്.
ഒന്ന് : തന്നിൽ ബുദ്ധിശക്തി/ യുക്തിബോധം സൃഷ്ടിക്കുകയും അനുദിനം നിലനിറുത്തിപ്പോരുകയും ചെയ്യുന്ന അപരിമേയനായ(പരിമിതനല്ലാത്ത) ദൈവത്തിന് തന്റെ അത്ര പോലും യുക്തിബോധമില്ല
രണ്ട് : യുക്തി / ഔചിത്യം, ജ്ഞാനപരിമിതനായ മനുഷ്യന്റെ ഭാഗികമായ പ്രപഞ്ച വീക്ഷണത്തിൽ ദൃശ്യമായില്ല. ഇതിൽ  ഒന്നാം സാധ്യതയെ ബുദ്ധി നിരാകരിക്കുന്നുവെന്ന് വ്യക്തം

നാസ്തികൻ : 
എന്തിന് ഈ ലോകക്രമം തന്നെ ദൈവം സ്വീകരിച്ചു!

മുസ്‌ലിം:
ഏത് ക്രമം സ്വീകരിച്ചാലും ചോദിക്കാവുന്ന ഒരു ചോദ്യമത്രെ ഇത്. കാരണം ; ഏതു ക്രമവും അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം തുല്യമാണ്. എങ്കിൽ, ഈ ക്രമം എന്തിന് എന്നാൽ ആ ക്രമം സ്വീകരിക്കരുതോ? എന്നാണർത്ഥം. അത് സ്വീകരിച്ചാലും വരും" ഇത് സ്വീകരിക്കരുതോ?" എന്ന ചോദ്യം . അപ്പോൾ ചോദ്യത്തിന്റെ സാരം "ഇതെന്തിന് അതായിക്കൂടെ അതെന്തിന് ഇതായിക്കൂടെ..." എന്നാണ്. ഇത്തരം വൈരുധ്യാത്മക ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നു വ്യക്തം.

നാസ്തികൻ :
എങ്കിലും, ദൈവദാസൻമാർക്ക് കരണീയം ദുരിത മുക്ത ലോകം തന്നെയല്ലേ ?

മുസ്‌ലിം : ദാസൻമാക്ക് കരണീയമായത് ചെയ്തു കൊടുത്താലും ഇല്ലെങ്കിലും ദൈവത്തിന് ന്യൂനതയോ പൂർണതയോ കൈവരുന്നില്ല. എങ്കിൽ , ചെയ്തു കൊടുക്കലും കൊടുക്കാതിരിക്കലും ദൈവത്തിനു കരണീയമല്ല. എന്നാൽ അവർക്ക് കരണീയമായ അസംഖ്യം കാര്യങ്ങൾ നിസ്വാത്ഥം ചെയ്തു കൊടുക്കുകയാൽ ഏറ്റവും വലിയ കാരുണികൻ ( അനുഗ്രഹി)  അല്ലാഹു തന്നെ.

അബ്ദുൽ ജലീൽ സഅ്ദി

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...