Friday, 16 February 2018

യുക്തിവാദിയുടെ സദാചാര സങ്കല്പം

യുക്തിവാദികളുടെ സദാചാര സങ്കല്‍പ്പം

ഒരു യുക്തിവാദി നേതാവ് അദ്ദേഹത്തിന്റെ ബ്ലോഗിലെഴുതിയത് കാണുക:

"അല്ലാഹുവും ലൈംഗിക സദാചാരവും !
ആദം നബിയെ മണ്ണു കുഴച്ചുണ്ടാക്കിയ ശേഷം ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?
എന്തേ ഈ ദൈവത്തിനന്നു അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സദാചാരബോധം ഇല്ലാതെ പോയത്?

യുക്തിവാദികളുടെ സദാചാരം തുടര്‍ന്നു ചര്‍ച്ച ചെയ്യാം. !!!!

ചോദ്യങ്ങളില്‍ ചിലതിന്‌ ഉത്തരം പറയാന്‍ കഴിയില്ല. ചോദ്യം തെറ്റാവുന്നത് കൊണ്ടും ഇത് സംഭവിക്കാം. ഒരു യുക്തിവാദി ഈശ്വരവിശ്വാസിയെ സമീപിച്ച് ചോദിച്ചു: അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനല്ലേ?
വിശ്വാസി: അതെ.
യുക്തിവാദി: തനിക്ക് തുല്യനായ മറ്റൊരു ഒരു ദൈവത്തെ സൃഷ്ടിക്കാന്‍ അല്ലാഹുവിന്ന് കഴിയുമോ?
വിശ്വാസി: അങ്ങനെ ചോദിച്ചാല്‍....
യുക്തിവാദി: 'അതെ' എന്നാണ്‌ നിങ്ങള്‍ ഉത്തരം ​നല്‍കുന്നതെങ്കില്‍ ഒന്നിലേറെ ദൈവങ്ങളുണ്ടാകാമെന്ന് സമ്മതിക്കേണ്ടി വരും. 'കഴിയില്ല' എന്നാണ്‌ പറയുന്നതെങ്കില്‍ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണെന്ന വാദം പൊളിയും.

താര്‍ക്കികനായ യുക്തി വാദിയുടെ വല്യ കാര്യമായ  ചോദ്യമാണിത് !!!!! പക്ഷെ
ഈ ചോദ്യം തെറ്റാണ്‌. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്‌. ആദി കാരണം! ആദി കാരണത്തിന്‌ പിന്നീട് മറ്റൊരു ആദികാരണത്തെ സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോലെ അസംബന്ധമാണീ ചോദ്യവും. അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണല്ലോ അതുല്യന്‍. അതുല്യന്‌ തുല്യനായി മറ്റൊന്ന് ഉണ്ടാവുക എന്നതും അസംബന്ധം തന്നെ.
ഇതേ പോലുള്ള അസംബന്ധം തന്നെയാണ്‌ മേല്‍ കൊടുത്ത അല്ലാഹുവിന്റെ സദാചാരം സംബന്ധിച്ചുള്ള ചോദ്യവും.

ആദമിന്നും ഹവ്വാക്കും മക്കളുണ്ടായതിന്ന് കുഴപ്പമില്ല. എന്നാല്‍ ആദമിന്റെയും ഹവ്വായുടെയും മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അവര്‍ക്ക് കല്യാണം കഴിക്കാന്‍ സ്വന്തം സഹോദരങ്ങളല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലല്ലോ. പെങ്ങളെ കല്യാണം കഴിക്കുന്നത് അധാര്‍മ്മികമല്ലേ? ഈ അധാര്‍മ്മികതക്ക് കൂട്ടു നിന്ന അല്ലാഹു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവനല്ലേ? ഇതാണ്‌ യുക്തിവാദം!

ആദമിന്റെ മക്കള്‍ക്ക് ഇണകളാക്കാന്‍ വേണ്ടി അല്ലാഹു 'മണ്ണെടുത്ത് കുഴച്ച്' പുതിയ ആളുകളെ ഉണ്ടാക്കി കൊടുക്കാതിരുന്നത് എന്ത്കൊണ്ട്? 'അന്നില്ലാത്ത ധാര്‍മ്മികത എന്തിനാ ഇന്ന്' എന്നാണ്‌ ഈ യുക്തിവാദിക്ക് ശരിക്കും ചോദിക്കേണ്ടത്. ആദ്യം മറിച്ചൊരു ചോദ്യം ചൊദിച്ചു വച്ചാല്‍ ഈ ചോദ്യം വളരെ എളുപ്പമാകുമല്ലോ. അവിടെയാണ്‌ യുക്തി പ്രവര്‍ത്തിക്കേണ്ടത്.


ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. 1999 സെപ്‌റ്റമ്പര്‍ മാസത്തെ യുക്തിരേഖ മാസികയിലൂടെ അവര്‍ എഴുതി പ്രചരിപ്പിക്കുന്ന സദാചാരം ഒന്ന് പരിചയപ്പെടുക:

1. ".... വിവാഹപൂര്‍വ്വ ലൈംഗിക ബന്ധം പാപമാണെന്ന് പ്രഖ്യാപിക്കുന്നതും കന്യകയായിരിക്കാന്‍ അവിവാഹിതകളെ നിര്‍ബന്ധിക്കുന്നതും തെറ്റാണ്‌."

2. "അവിവാഹിതയുടെ ലൈംഗിക ബന്ധം പോലെത്തന്നെ അവരുടെ ഗര്‍ഭധാരണവും പ്രസവവും അന്തസ്സ് കെട്ട പ്രവര്‍ത്തിയായിട്ടാണ്‌ യാഥാസ്ഥിക സമൂഹം വീക്ഷിക്കുന്നത്."

3. പഴയ സോവിയറ്റ് യൂണിയനില്‍ ഇത്തരത്തിലുള്ള പതിനായിരക്കണക്കിന്‌ അമ്മമാരുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തും ഈ പ്രവണത ഇപ്പോള്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്."

4. വിവാഹപൂര്‍വ്വമായിട്ടുള്ളതും വിവാഹ ബാഹ്യമായിട്ടുള്ളതുമായ ലൈംഗിക ബന്ധങ്ങള്‍ സ്വകാര്യതയുടെ അതിരുകള്‍ ലംഘിച്ചു തുടങ്ങിയാല്‍ ഗുരുതരമായ സാമുഹ്യ പ്രശ്നമായി തീരുമെന്നതില്‍ സംശയമില്ല. അതെന്തായാലും ശരി ആധുനികവും ശാസ്ത്രീയവുമായ സദാചാരമൂല്യങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നേടാന്‍ സാധിക്കുകയുള്ളു. മത യാഥാസ്ഥിക പിന്തിരിപ്പന്‍ സമൂഹങ്ങളുടെ പുരുഷാധിപത്യ സദാചാര നിയമങ്ങള്‍ തേര്‍വാഴ്ച നടത്തുന്ന വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം സന്ധിയില്ലാതെ തുടരുന്നതിലൂടെ മാത്രമേ ആധുനിക സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളു."

സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദ കാഴ്ചപ്പാട് ഇതാണ്‌. ഇപ്പോള്‍ അല്ലാഹുവിന്റെ സദാചാരബോധം വിചാരണ ചെയ്യുന്ന ബ്ലോഗില്‍ നേരത്തെ ഞാനിത് ചര്‍ച്ചവിഷയമാക്കിയിരുന്നു. അതിന്ന് പലതരം പ്രതികരണങ്ങളുണ്ടായി.

1. ജബ്ബാര്‍: "യുക്തിരേഖയില്‍ അങ്ങനെയൊരു ലേഖനം കണ്ടതോര്‍ക്കുന്നില്ല. അത് ആരുടെ ലേഖനമാണെന്ന് ചോദിച്ചിട്ട് ഇവര്‍ പറയുന്നുമില്ല. വ്യാജപ്രചരണമാണോ എന്നു സംശയമുണ്ട്. ആ ലേഖനത്തിന്റെ ഒറിജിനല്‍ ഒന്നു കാണിക്കാമോ? അതു മുഴുവന്‍ വായിച്ചിട്ടു പ്രതികരിക്കം"

ഈ പ്രതികരണത്തെ തുടര്‍ന്ന് ഞാന്‍ ഇങ്ങനെ ചോദിച്ചു: "യുക്തിരേഖയില്‍ ഇങ്ങനെയൊരു ലേഖനം വരാന്‍ സാദ്ധ്യതയുണ്ടോ?
ഇത്തരം കാഴ്ചപ്പാടുകള്‍ യുക്തിവദികള്‍ വച്ചുപുലര്‍ത്തുന്നുണ്ടോ?
ഇതൊക്കെ യുക്തിവാദികള്‍ക്ക് അനുവദനീയമാണോ?
അല്ലെങ്കില്‍ ഇതിനെയൊക്കെ എതിര്‍ക്കലാണോ യുക്തിവാദം?
ഈ വിഷയത്തില്‍ ഒരു ക്ലാരിഫികേഷന്‍ കിട്ടിയാല്‍ നന്നായിരിക്കും."

ഈ വഴിക്ക് വ്യക്തമായ പ്രതികരണം അവരുടെ ഭാഗത്ത് നിന്ന് പിന്നീട് ഉണ്ടായില്ല. ഏങ്കിലും അവരെന്നെ നിരാശപ്പെടുത്തിയില്ല. രണ്ടാമത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. ജബ്ബാറിന്റെ സുഹൃത്തും യുക്തിവാദിയുമായ മി. വിചാരം അദ്ദേഹത്തിന്ന് നല്‍കിയ ഉപദേശം കാണുക: "താങ്കളുടെ ഉമ്മ, ഭാര്യ, മകൾ എന്നിവർക്ക് മറ്റൊരു പുരുഷനോട് രമിയ്ക്കാൻ തോന്നുണ്ടെങ്കിൽ അത് സംഭവിച്ചേ മതിയാവൂ."

യുക്തിരേഖയിലെ സദാചാരം അവര്‍ അംഗീകരിക്കുന്നുവെന്ന് വ്യക്തം. മാത്രമല്ല; ഒരാളുടെ ഉമ്മ, ഭാര്യ, മകള്‍ എന്നിവരെക്കുറിച്ചൊക്കെ ആഭാകരമായ പ്രസ്താവന ഇത്രയും പരസ്യമായി നടത്തുന്നത് പോലും തെറ്റാണെന്ന് അവര്‍ കരുതുന്നുമില്ല.

ഇത് പറയുമ്പോള്‍ ജബ്ബാറിന്റെ ഉമ്മയെ സംബന്ധിച്ച് രണ്ട് വാക്ക് പറയേണ്ടതുണ്ട്. ഒരിക്കല്‍ ജബ്ബാര്‍ ഉമ്മയോട് ചോദിച്ചുവത്രെ: 'ഉമ്മ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ എന്താണ്‌ ആദ്യം ആഗ്രഹിക്കുക?
ഉമ്മ: എന്റെ മക്കളെല്ലാം എന്റെയടുത്തുണ്ടാകണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുക.
സത്യവിശ്വാനിയായ, സ്വര്‍ഗ്ഗം കൊതിക്കുന്ന, അത് പ്രതീക്ഷിക്കുന്ന ഉമ്മയെ കുറിച്ചാണ്‌ ഒരു സുഹൃത്ത് ഈ തമ്മാടിത്തം വിളിച്ചു പറഞ്ഞത് എന്നോര്‍ക്കണം.

പിന്നീട് ഞാനുള്‍പ്പെടെ പലരും സുഹൃത്തിന്റെ ഉപദേശത്തോടുള്ള ജബ്ബാറിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നല്‍കാതെ 'പിന്നെ ചര്‍ച്ച ചെയ്യാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്‌ അദ്ദേഹം ചെയ്തത്.

ഇനി സദാചാരത്തെ സംബന്ധിച്ചുള്ള യുക്തിവാദിയുടെ ചോദ്യത്തിലെ തെറ്റ് എന്താണെന്ന് നോക്കാം. അല്ലാഹു പറയുന്നു: 'മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്.' (ഖുര്‍ആന്‍ 49: 13)

ഇതാണ്‌ അല്ലാഹു ഉദേശിച്ചത്. ലോകത്തുള്ള സകല മനുഷ്യരും ഏകോദര സഹോദരന്മാരായിരിക്കണം. അപ്പോള്‍ പിന്നെ ആദമിന്റെ മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ അല്ലാഹു വേറെ കുറച്ച് മനുഷ്യരെ സൃഷ്ടിച്ചു കൊടുത്താല്‍ ഈ പദ്ധതി എങ്ങനെ നടപ്പിലാകും? മക്കള്‍ക്ക് കല്യാണം കഴിക്കാന്‍ വേറെ ആളുകളെ സൃഷ്ടിക്കുന്നതിന്ന് പകരം രണ്ട് ആദമിനെയും രണ്ട് ഹവ്വയെയും സൃഷ്ടിച്ച് അവരുടെ മക്കള്‍ തമ്മില്‍ തമ്മില്‍ കല്യാണം കഴിപ്പിച്ചാലും മതിയായിരുന്നുവല്ലോ. സര്‍വ്വശക്തനായ അല്ലാഹുവിന്ന് ഇത് കഴിയാഞ്ഞിട്ടല്ല. മറിച്ച് മനുഷ്യരെ ഏകോദര സഹോദരന്‍മാരാക്കുകയെന്ന പദ്ധതി നടപ്പിലാക്കാനാണ്‌ അല്ലാഹു ഉദ്ദേശിച്ചത്. ഈ ഉദേശ്യം നടപ്പിലാക്കുവാന്‍ ഇതല്ലാതെ വേറെ വഴിയുണ്ടോ?

കെ.കെ. ആലിക്കോയ

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...